Monday, May 9, 2011

ഓര്‍മ്മയിലെ ഓണം

ഓണം എന്നും എല്ലാ മലയാളികളെയും പോലെ എനിക്കും സുഖമുള്ള ഓര്‍മ്മയാണ്.പ്രത്യേകിച്ചും കുട്ടികാലത്തെ ഓണം. (പഴയ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും മധുരം കൂടുമല്ലോ). എന്റെ ഓണവും, ക്രിസ്തുമസും വലിയ അവധിയുമൊക്കെ അച്ഛന്റെ വീട്ടിലായിരുന്നു. അവധിക്കാലം അത് കൊണ്ട് തന്നെ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. മക്കളും കൊച്ചുമക്കളും ഒക്കെയായി ഒരു പ്രകടനത്തിനുള്ള ആളുകള്‍ ആ ദിവസങ്ങളില്‍ കുടുംബ വീട്ടില്‍ കാണും.

ഊഞ്ഞാലും, പായല് പിടിച്ച കുഞ്ഞു കുളവും, വയലില്‍ താറാവിനു തീറ്റ കൊടുക്കാനുള്ള പോക്കും ഒക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും അറിയാതെ ചുണ്ടത് ചിരി വിടരും. വൈകുന്നേരം മലനടയില്‍ വിളക്ക് വക്കാന്‍ കുട്ടി പട്ടാളവും കുടുംബത്തിലെ മുതിര്‍ന്ന രണ്ടോ മൂന്നോ അംഗങ്ങളും കൂടി ഒരു യാത്രയുണ്ട്.വഴുക്കലുള്ള കയറ്റം കയറി, കുന്നിന്‍ മുകളിലേക്കുള്ള ആ യാത്ര രസകരമായിരുന്നു. കുന്നിന്‍ മുകളില്‍ കയറിയാല്‍ കണ്ണെത്താ ദൂരം പച്ചപ്പ് കാണാം. ദൂരെ ഒരു ചെറു തോട് പോലെ റോഡ്‌ വളഞ്ഞുപുളഞ്ഞു പോകുന്നു.തെക്കെമലക്ക് പോകുന്ന ബസ്‌ ഒരു തീപ്പെട്ടികൂട് പോലെ തോന്നിക്കും അവിടെ നിന്ന് നോക്കിയാല്‍.ചെറിയ ചെടികളില്‍ പേരറിയാത്ത എന്തെല്ലാമോ കുഞ്ഞു പഴങ്ങള്‍ കാണാം. തെച്ചി പഴവും വെളുത്ത ഒരു കുഞ്ഞി പഴവും ഞങ്ങള്‍ കുട്ടികള്‍ പറിച്ചു തിന്നുമായിരുന്നു. "പിള്ളേരെ പുഴു കാണും, നോക്കി തിന്നണം" അത് പിന്നില്‍ നിന്നും പതിവായി കേള്‍ക്കുന്ന മുന്നറിയിപ്പാണ്.